ജനിക്കുമ്പോള്‍ തന്നെ വവ്വാലിനെപ്പോലെ ഭ്രാന്തിന്റെ അണുക്കളുമായി ജനിച്ച് തലകീഴായി വളരണമോ അതോ വളര്‍ന്നു വലുതായി ഭ്രാന്തു കയറി തലകീഴായി ജീവിക്കണോ എന്നതാണ് ചോദ്യം.
അന്യോന്യം കഴുത്തിനു പിടിക്കുന്ന ലക്ഷണമൊത്ത താടിക്കാരും താടി വിത്തൗട്ട് മീശക്കാരും എല്ലാം ഒത്തൊരുമിച്ച് ഇപ്പോള്‍ തെരുവില്‍ സസുഖം കഴിയുന്നു. കോരിച്ചൊരിയുന്ന മഴയത്ത് ഏഴാം ക്ലാസിലെ പാഠപുസ്‌്‌തകം കത്തിച്ചുകിട്ടുന്ന ചൂടാണ് ഏകരക്ഷ.
ലോകത്തെവിടെയും തെരുവുപിള്ളേര്‍ കൂടി ഒരു പുസ്‌തകം റോഡില്‍ കണ്ടാല്‍ അതെടുത്തൊന്നു വായിച്ചുനോക്കുകയാണ് പതിവ്. റോഡിലെ പുസ്‌തകവണ്ടി പിടിച്ചുവച്ച് അതെല്ലാം വാരിവലിച്ച് ചവുട്ടിക്കൊരട്ടി തീവെക്കാന്‍ കഴിയുന്ന യോഗ്യര്‍ താലിബാനികള്‍മാത്രമാണെന്നാണ് നിത്യന്‍ കരുതിയത്. അതേ ജനുസ്സില്‍ പെട്ട സുമനസ്സുകളുടെ ഉടമകള്‍ മലബാറിലും ഉണ്ടെന്ന് കടലാസുകാര്‍ കാട്ടിത്തന്നു.
എന്തെങ്കിലും ഒരു ആവശ്യത്തിനുവേണ്ടി തെരുവിലിറങ്ങുന്നവന്റെ തലതല്ലിപ്പൊളിക്കാന്‍ ഉയരുന്ന ഏമാന്‍മാരുടെ ലാത്തികളൊന്നും അന്നവറ്റകളുടെ കാലുതല്ലിയൊടിക്കാന്‍ ഉയരാത്തത് മതനിരാസ (സെക്യുലാറിസം) ത്തിനുള്ള ശരിയായ ഭീഷണിയാണ്.
സകല മതഭ്രാന്തന്‍മാരും ഇപ്പോള്‍ ‘മതമില്ലാത്ത ജീവനെ’ തല്ലിക്കൊല്ലാന്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. കയ്യുംകെട്ടി ഇരിക്കാന്‍ പറ്റുമോ? എഴാംക്ലാസിലെ ഈ പാഠത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇനിയങ്ങോട്ട് കൃസ്‌തുവിന്റെയും നബിയുടെയും കൃഷ്‌ണന്റെയുമെല്ലാം ഭാവി.
ഇന്നലെ വരെയെന്തായിരുന്നു പാഠപുസ്‌തം കൊണ്ടുണ്ടായ നേട്ടം എന്നാലോചിക്കണമാദ്യം. ഏഴാം ക്ലാസിലെ സാമൂഹ്യപാഠം വായിക്കുന്നതോടുകൂടി കുട്ടികള്‍ ഒന്നടങ്കം പലായനം ചെയ്‌ത് പൊന്നാനിയിലോ ചങ്ങനാശ്ശേരിയിലോ എത്തും. തെക്കോട്ടുപോയവര്‍ പിന്നീട് ഒരു കവിളും പൊത്തിപ്പിടിച്ച് മറ്റേക്കവിളത്തടിക്കാന്‍ പറ്റിയ ആളെയും നോക്കി തിരിച്ചുനടക്കും. വടക്കോട്ടുപോയവര്‍ നല്ലൊരു തലേക്കെട്ടും കെട്ടി തിരിച്ചുവന്ന് എല്ലാം വിറ്റുപെറുക്കി ദരിദ്രര്‍ക്ക് സക്കാത്തും കൊടുത്ത് ഹജ്ജിന് പോകാന്‍ പറ്റിയ പത്തേമാരിയും കാത്ത് മാനം നോക്കി കിടക്കും.
നാളെയോ? ഏഴാം ക്ലാസിലെ പാഠം പഠിക്കുന്നതോടുകൂടി പിള്ളേരുടെ തലയില്‍നിന്നും മതം അപ്രത്യക്ഷമാവും. ദൈവവിചാരം നേര്‍ത്തുനേര്‍ത്തുവന്ന് തീരെ ഇല്ലാതാകുന്ന ശുഭമുഹൂര്‍ത്തമാവും വര്‍ഷാന്തപരീക്ഷ. ദൈവവിചാരം ഡീലീറ്റായ സ്ഥലത്താണെങ്കില്‍ ശെയ്‌ത്താനായ വൈരുദ്ധ്യാത്മക ഭൗതീകവാദം ഇരമ്പിക്കയറും. അതോടെ പള്ളിക്കൂടം വിടുന്ന പിള്ളാര്‍ പള്ളിക്കെതിരെ തിരിയും. തെക്കോട്ടു പോകുന്നവര്‍ കോട്ടയം അതിരൂപതലക്ഷ്യം വച്ചും വടക്കോട്ട് തിരിഞ്ഞവര്‍ പൊന്നാനിയിലേക്കും കുതിക്കും. പൊന്നാനിയിലെ വിശ്വാസത്തിന്റെ മാറ്റക്കച്ചടവും ചങ്ങനാശ്ശേരിയിലെ മാമോദീസയും അതോടെ അകാലചരമമടയും.
ഭൂമി ഉരുണ്ടതാണെന്ന സത്യം വിളിച്ചുപറഞ്ഞപ്പോള്‍ കത്തോലിക്കാസഭ ജേര്‍ഡനോ ബ്രൂണോയെ ചുട്ടുകൊന്നു. ബൈബിളിലെ പരന്ന ഭൂമി ഉരുണ്ടാല്‍ അരമനകള്‍ നിലം പൊത്തി അച്ചന്‍മാര്‍ പെരുവഴിയാധാരമാവും എന്നായിരുന്നു വിചാരം. ശാസ്‌ത്രത്തിന്റെ തേര് അതിനുശേഷവും പ്രകാശവേഗത്തില്‍ ഉരുണ്ടപ്പോള്‍, കളവുകള്‍ ഒന്നൊന്നായി നിലം പൊത്തിയപ്പോഴും അരമനകള്‍ വിലങ്ങനെ വളര്‍ന്നുവെന്നതാണ് സത്യം.
ഭൂമി ഉരുണ്ടതാണെന്നതിലും വലിയ കണ്ടുപിടുത്തമൊന്നുമല്ലല്ലോ ‘മതമില്ലാത്ത ജീവന്‍’. അതുകൊണ്ട് മതമില്ലാത്ത ജീവന്‍ വായിക്കുന്നതോടുകൂടി കണ്‍ട്രോളുവിടുന്ന പിള്ളേര്‍ വിശ്വാസത്തിന്റ അന്ത്യകൂദാശയും ജനാസനമസ്‌കാരവും കഴിഞ്ഞേ എട്ടാം ക്ലാസില്‍ കയറൂ എന്നുപദേശിച്ചു കൊടുത്ത വിഡ്ഡിയാണ് എക്കാലത്തെയും മുന്തിയ പ്രവാചകന്‍.
മനനം കൊണ്ടല്ലാതെ പഠനം കൊണ്ട് മനുഷ്യന്‍ നല്ലവനാവുമെന്നൊരു തെറ്റിദ്ധാരണ ഏതായാലും നിത്യനില്ല. അങ്ങിനെയാണെങ്കില്‍ സമൂഹത്തിന് ഏറ്റവും ഭീഷണിയായ ക്രിമിനലുകളായി ഐ.പി.എസുകാരും ഐ.എ.എസ്സുകാരും എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും മാറുകയില്ലല്ലോ.
ഒരു യഥാര്‍ത്ഥ ഭക്തനും ഒന്നാം തരം അവിശ്വാസിയും ഋഷിതുല്യരായിരിക്കും എന്നാണ് നിത്യന്റെ ധാരണ. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ശ്രീനാരായണഗുരു ബോധവല്‌ക്കരിച്ചപ്പോള്‍ ശിഷ്യന്‍ സഹോദരന്‍ അയ്യപ്പന്‍ ബോധവല്‌ക്കരിച്ചത് ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്നായിരുന്നു. ബോധവല്‌ക്കരണത്തിന്റെ ഗുണമെത്താന്‍ വൈകിയില്ല. അയ്യപ്പന്റെ തല വെളിച്ചം കണ്ടാല്‍ അടി പുറത്തുവീഴുന്ന അവസ്ഥ.
അവിശ്വാസിയായ അയ്യപ്പനെ ചുമലിലേറ്റി നടക്കുന്ന കാര്യത്തെപ്പറ്റി ഗുരു മറ്റുശിഷ്യന്‍മാരോട് പറഞ്ഞത് ഇങ്ങിനെയായിരുന്നു – നിങ്ങള്‍ക്ക് തെറ്റുചെയ്‌താല്‍ മാപ്പിരക്കാന്‍ ഒരു ദൈവമുണ്ട്. ദൈവം സഹായിച്ച് അയ്യപ്പനതില്ലാത്തതുകൊണ്ട് മൂപ്പര്‍ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യുകയില്ല.
പണ്ട് മുകുന്ദനെഴുതിയത് വായിച്ച് ഒരു തലമുറ വഴിതെറ്റിപ്പോയിയെന്ന് ഏതോ വിഡ്‌ഢി പറഞ്ഞതായി കേട്ടിട്ടുണ്ട്. മുകുന്ദന്റെ വരികള്‍ക്ക് ഒരു തലമുറയെ വഴിതെറ്റിക്കാനാവുമെങ്കില്‍ ബൂദ്ധന്റെ പേരുകേട്ടാല്‍ തന്നെ ലോകത്തിന്റെ തന്നെ വഴി നേര്‍ക്കായിപ്പോവണമല്ലോ.
കുരങ്ങില്‍ നിന്നും മനുഷ്യനുണ്ടായി എന്നു ഡാര്‍വിന്‍ പറഞ്ഞയുടനെ ജീസസും മുഹമ്മദ് നബിയും അന്ത്യശ്വാസം വലിച്ചിട്ടില്ല. ശാസ്‌ത്രം പുരോഗമിക്കുമ്പോള്‍ വിശ്വാസത്തിന്റെ കൊട്ടകൊത്തളങ്ങള്‍ നിലം പൊത്തുമെന്നത് മന്ദബുദ്ധികളുടെ ഒരന്ധവിശ്വാസമാണ്. അതിന്റെ ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിയാണ് ബ്രൂണോ.
പോത്തുപെറ്റെന്നു കേട്ടപ്പോള്‍ പണിക്കര്‍ കയറെടുത്തതിന്റെ കാരണമാണ് ഒരു സമസ്യയായി അവശേഷിക്കുന്നത്. അദ്ധ്യാത്മികതയുടെ നാലയലത്ത് പണ്ട് അടുപ്പിച്ചുകൂടാത്ത സംഗതിയായിരുന്നു സെക്‌സ്. അക്കാലത്ത് കാമശാസ്ര്‌തം വിരചിച്ച വാത്സ്യായന് മഹര്‍ഷിപദം നല്‌കിയ സംസ്‌കാരമാണ് ഹൈന്ദവസംസ്‌കാരം.
ബലികൊടുക്കപ്പെട്ട മൃഗം സ്വര്‍ഗത്തില്‍ പോവുമെങ്കില്‍ നിന്റെ മാതാപിതാക്കളെ വെട്ടി ബലി കൊടുക്ക്. അവര്‍ വഴിതെറ്റി നരകത്തിലെത്തിപ്പോകേണ്ട് സ്വര്‍ഗത്തില്‍ തന്നെയാവട്ടെ എന്നു കളിയാക്കിയ ലോകത്തിലെ ആദ്യത്തെ യുക്തിവാദിയായ ചര്‍വ്വാകനും അവിടെ മഹര്‍ഷിപദവിയുണ്ട്. അങ്ങിനെ എത്രയോ പേര്‍. യവനനായ അലക്‌സാണ്ടര്‍ തൊട്ടിങ്ങോട്ട് ശീമസായ്‌പ് വരെ ഉഴുതുമറിച്ചിട്ടും ആ ചിന്താധാരയുടെ ഉറവവറ്റാതിരുന്നത് ഇതെല്ലാം കൊണ്ടാണ്.
സ്വച്ഛന്ദമൃത്യുവാണ് അത്തരം ആശയങ്ങള്‍. അവയുടെ സംരക്ഷണത്തിന് തത്‌ക്കാലം പണിക്കരുടെയോ കാവികെട്ടിയ കുന്തത്തിന്റെയോ യാതൊരാവശ്യവുമില്ല. അവരുള്ളതാണാപത്ത്. ലോകം ഇവറ്റകളെനോക്കി ഹിന്ദുമതത്തെ വിലയിരുത്തിക്കളയും.
ബുദ്ധമതത്തില്‍ ചേരാന്‍പോയ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് ബുദ്ധസന്ന്യാസി താന്‍ ബുദ്ധനുവേണ്ടി എന്തുചെയ്യും എന്നുചോദിച്ചിരുന്നുപോലും. അപ്പോ ഘനഗംഭീര ശബ്ദത്തില്‍ നീണ്ടു നിവര്‍ന്നു നിന്ന് സീരിയല്‍ നായകനെപ്പോലെ ചുള്ളിക്കാട് പറഞ്ഞു “ഞാന്‍ പ്രതിരോധിക്കും. ബുദ്ധനെതിരെ വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കും”. സന്ന്യാസി പ്രതിവചിച്ചത് നിന്റെ സഹായമില്ലാതെ തന്നെ രണ്ടായിരം കൊല്ലമായി ബുദ്ധന്‍ ജീവിക്കുന്നുണ്ട് എന്നായിരുന്നു.
രണ്ടായിരം വര്‍ഷം പഴക്കമുള്ള ബുദ്ധപ്രതിമ നശിപ്പിക്കാനേ താലിബാനികള്‍ക്കാവുകയുള്ളൂ. ബുദ്ധനെ തകര്‍ക്കാന്‍ പ്രതിമതകര്‍ത്തവന്‍ ഒരായിരം ജന്‍മം ജനിച്ചാലും നടക്കുമെന്ന് തോന്നുന്നില്ല.
സാക്ഷാല്‍ ഇ.എം.എസ്സിനും നായനാര്‍ക്കും മരണം വരെ നിഴലുപോലെ കൂടെ നടന്ന ആര്യാ അന്തര്‍ജനത്തിന്റെയും ശാരദടീച്ചറുടെയും വിശ്വാസം മാറ്റിയെടുക്കാന്‍ പറ്റിയിട്ടില്ല. അപ്പോള്‍ പിന്നെ ബാക്കി മാനവരുടെ കാര്യത്തെ പറ്റി ആരും ബേജാറാവേണ്ടതേയില്ല. കിത്താബിന്റെ അണിയറ പ്രവര്‍ത്തകനായ ബേബിസഖാവിന്റെ ഭാര്യ ബെറ്റിക്ക് സഖാവിലുള്ളതിലും വിശ്വാസം കര്‍ത്താവിലുള്ളതുകൊണ്ടാണല്ലോ പരിശുദ്ധപിതാവിന്റെ കൈ മുത്തിയത്.