മതമില്ലാത്ത ‘ജീവനും’ ജീവനില്ലാത്ത മതവും

ജനിക്കുമ്പോള്‍ തന്നെ വവ്വാലിനെപ്പോലെ ഭ്രാന്തിന്റെ അണുക്കളുമായി ജനിച്ച്‌ തലകീഴായി വളരണമോ അതോ വളര്‍ന്നു വലുതായി ഭ്രാന്തു കയറി തലകീഴായി ജീവിക്കണോ എന്നതാണ്‌ ചോദ്യം.

അന്യോന്യം കഴുത്തിനു പിടിക്കുന്ന ലക്ഷണമൊത്ത താടിക്കാരും താടി വിത്തൗട്ട്‌ മീശക്കാരും എല്ലാം ഒത്തൊരുമിച്ച്‌ ഇപ്പോള്‍ തെരുവില്‍ സസുഖം കഴിയുന്നു. കോരിച്ചൊരിയുന്ന മഴയത്ത്‌ ഏഴാം ക്ലാസിലെ പാഠപുസ്‌്‌തകം കത്തിച്ചുകിട്ടുന്ന ചൂടാണ്‌ ഏകരക്ഷ.

ലോകത്തെവിടെയും തെരുവുപിള്ളേര്‍ കൂടി ഒരു പുസ്‌തകം റോഡില്‍ കണ്ടാല്‍ അതെടുത്തൊന്നു വായിച്ചുനോക്കുകയാണ്‌ പതിവ്‌. റോഡിലെ പുസ്‌തകവണ്ടി പിടിച്ചുവച്ച്‌ അതെല്ലാം വാരിവലിച്ച്‌ ചവുട്ടിക്കൊരട്ടി തീവെക്കാന്‍ കഴിയുന്ന യോഗ്യര്‍ താലിബാനികള്‍മാത്രമാണെന്നാണ്‌ നിത്യന്‍ കരുതിയത്‌. അതേ ജനുസ്സില്‍ പെട്ട സുമനസ്സുകളുടെ ഉടമകള്‍ മലബാറിലും ഉണ്ടെന്ന്‌ കടലാസുകാര്‍ കാട്ടിത്തന്നു.

എന്തെങ്കിലും ഒരു ആവശ്യത്തിനുവേണ്ടി തെരുവിലിറങ്ങുന്നവന്റെ തലതല്ലിപ്പൊളിക്കാന്‍ ഉയരുന്ന ഏമാന്‍മാരുടെ ലാത്തികളൊന്നും അന്നവറ്റകളുടെ കാലുതല്ലിയൊടിക്കാന്‍ ഉയരാത്തത്‌ മതനിരാസ (സെക്യുലാറിസം) ത്തിനുള്ള ശരിയായ ഭീഷണിയാണ്‌.

സകല മതഭ്രാന്തന്‍മാരും ഇപ്പോള്‍ ‘മതമില്ലാത്ത ജീവനെ’ തല്ലിക്കൊല്ലാന്‍ തെരുവിലിറങ്ങിയിരിക്കുകയാണ്‌. കയ്യുംകെട്ടി ഇരിക്കാന്‍ പറ്റുമോ? എഴാംക്ലാസിലെ ഈ പാഠത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇനിയങ്ങോട്ട്‌ കൃസ്‌തുവിന്റെയും നബിയുടെയും കൃഷ്‌ണന്റെയുമെല്ലാം ഭാവി.

ഇന്നലെ വരെയെന്തായിരുന്നു പാഠപുസ്‌തം കൊണ്ടുണ്ടായ നേട്ടം എന്നാലോചിക്കണമാദ്യം. ഏഴാം ക്ലാസിലെ സാമൂഹ്യപാഠം വായിക്കുന്നതോടുകൂടി കുട്ടികള്‍ ഒന്നടങ്കം പലായനം ചെയ്‌ത്‌ പൊന്നാനിയിലോ ചങ്ങനാശ്ശേരിയിലോ എത്തും. തെക്കോട്ടുപോയവര്‍ പിന്നീട്‌ ഒരു കവിളും പൊത്തിപ്പിടിച്ച്‌ മറ്റേക്കവിളത്തടിക്കാന്‍ പറ്റിയ ആളെയും നോക്കി തിരിച്ചുനടക്കും. വടക്കോട്ടുപോയവര്‍ നല്ലൊരു തലേക്കെട്ടും കെട്ടി തിരിച്ചുവന്ന്‌ എല്ലാം വിറ്റുപെറുക്കി ദരിദ്രര്‍ക്ക്‌ സക്കാത്തും കൊടുത്ത്‌ ഹജ്ജിന്‌ പോകാന്‍ പറ്റിയ പത്തേമാരിയും കാത്ത്‌ മാനം നോക്കി കിടക്കും.

നാളെയോ? ഏഴാം ക്ലാസിലെ പാഠം പഠിക്കുന്നതോടുകൂടി പിള്ളേരുടെ തലയില്‍നിന്നും മതം അപ്രത്യക്ഷമാവും. ദൈവവിചാരം നേര്‍ത്തുനേര്‍ത്തുവന്ന്‌ തീരെ ഇല്ലാതാകുന്ന ശുഭമുഹൂര്‍ത്തമാവും വര്‍ഷാന്തപരീക്ഷ. ദൈവവിചാരം ഡീലീറ്റായ സ്ഥലത്താണെങ്കില്‍ ശെയ്‌ത്താനായ വൈരുദ്ധ്യാത്മക ഭൗതീകവാദം ഇരമ്പിക്കയറും. അതോടെ പള്ളിക്കൂടം വിടുന്ന പിള്ളാര്‍ പള്ളിക്കെതിരെ തിരിയും. തെക്കോട്ടു പോകുന്നവര്‍ കോട്ടയം അതിരൂപതലക്ഷ്യം വച്ചും വടക്കോട്ട്‌ തിരിഞ്ഞവര്‍ പൊന്നാനിയിലേക്കും കുതിക്കും. പൊന്നാനിയിലെ വിശ്വാസത്തിന്റെ മാറ്റക്കച്ചടവും ചങ്ങനാശ്ശേരിയിലെ മാമോദീസയും അതോടെ അകാലചരമമടയും.

ഭൂമി ഉരുണ്ടതാണെന്ന സത്യം വിളിച്ചുപറഞ്ഞപ്പോള്‍ കത്തോലിക്കാസഭ ജേര്‍ഡനോ ബ്രൂണോയെ ചുട്ടുകൊന്നു. ബൈബിളിലെ പരന്ന ഭൂമി ഉരുണ്ടാല്‍ അരമനകള്‍ നിലം പൊത്തി അച്ചന്‍മാര്‍ പെരുവഴിയാധാരമാവും എന്നായിരുന്നു വിചാരം. ശാസ്‌ത്രത്തിന്റെ തേര്‌ അതിനുശേഷവും പ്രകാശവേഗത്തില്‍ ഉരുണ്ടപ്പോള്‍, കളവുകള്‍ ഒന്നൊന്നായി നിലം പൊത്തിയപ്പോഴും അരമനകള്‍ വിലങ്ങനെ വളര്‍ന്നുവെന്നതാണ്‌ സത്യം.

ഭൂമി ഉരുണ്ടതാണെന്നതിലും വലിയ കണ്ടുപിടുത്തമൊന്നുമല്ലല്ലോ ‘മതമില്ലാത്ത ജീവന്‍’. അതുകൊണ്ട്‌ മതമില്ലാത്ത ജീവന്‍ വായിക്കുന്നതോടുകൂടി കണ്‍ട്രോളുവിടുന്ന പിള്ളേര്‍ വിശ്വാസത്തിന്റ അന്ത്യകൂദാശയും ജനാസനമസ്‌കാരവും കഴിഞ്ഞേ എട്ടാം ക്ലാസില്‍ കയറൂ എന്നുപദേശിച്ചു കൊടുത്ത വിഡ്ഡിയാണ്‌ എക്കാലത്തെയും മുന്തിയ പ്രവാചകന്‍.

മനനം കൊണ്ടല്ലാതെ പഠനം കൊണ്ട്‌ മനുഷ്യന്‍ നല്ലവനാവുമെന്നൊരു തെറ്റിദ്ധാരണ ഏതായാലും നിത്യനില്ല. അങ്ങിനെയാണെങ്കില്‍ സമൂഹത്തിന്‌ ഏറ്റവും ഭീഷണിയായ ക്രിമിനലുകളായി ഐ.പി.എസുകാരും ഐ.എ.എസ്സുകാരും എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും മാറുകയില്ലല്ലോ.

ഒരു യഥാര്‍ത്ഥ ഭക്തനും ഒന്നാം തരം അവിശ്വാസിയും ഋഷിതുല്യരായിരിക്കും എന്നാണ്‌ നിത്യന്റെ ധാരണ. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന്‌ ശ്രീനാരായണഗുരു ബോധവല്‌ക്കരിച്ചപ്പോള്‍ ശിഷ്യന്‍ സഹോദരന്‍ അയ്യപ്പന്‍ ബോധവല്‌ക്കരിച്ചത്‌ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്‌ എന്നായിരുന്നു. ബോധവല്‌ക്കരണത്തിന്റെ ഗുണമെത്താന്‍ വൈകിയില്ല. അയ്യപ്പന്റെ തല വെളിച്ചം കണ്ടാല്‍ അടി പുറത്തുവീഴുന്ന അവസ്ഥ.

അവിശ്വാസിയായ അയ്യപ്പനെ ചുമലിലേറ്റി നടക്കുന്ന കാര്യത്തെപ്പറ്റി ഗുരു മറ്റുശിഷ്യന്‍മാരോട്‌ പറഞ്ഞത്‌ ഇങ്ങിനെയായിരുന്നു – നിങ്ങള്‍ക്ക്‌ തെറ്റുചെയ്‌താല്‍ മാപ്പിരക്കാന്‍ ഒരു ദൈവമുണ്ട്‌. ദൈവം സഹായിച്ച്‌ അയ്യപ്പനതില്ലാത്തതുകൊണ്ട്‌ മൂപ്പര്‍ അറിഞ്ഞുകൊണ്ട്‌ ഒരു തെറ്റും ചെയ്യുകയില്ല.

പണ്ട്‌ മുകുന്ദനെഴുതിയത്‌ വായിച്ച്‌ ഒരു തലമുറ വഴിതെറ്റിപ്പോയിയെന്ന്‌ ഏതോ വിഡ്‌ഢി പറഞ്ഞതായി കേട്ടിട്ടുണ്ട്‌. മുകുന്ദന്റെ വരികള്‍ക്ക്‌ ഒരു തലമുറയെ വഴിതെറ്റിക്കാനാവുമെങ്കില്‍ ബൂദ്ധന്റെ പേരുകേട്ടാല്‍ തന്നെ ലോകത്തിന്റെ തന്നെ വഴി നേര്‍ക്കായിപ്പോവണമല്ലോ.

കുരങ്ങില്‍ നിന്നും മനുഷ്യനുണ്ടായി എന്നു ഡാര്‍വിന്‍ പറഞ്ഞയുടനെ ജീസസും മുഹമ്മദ്‌ നബിയും അന്ത്യശ്വാസം വലിച്ചിട്ടില്ല. ശാസ്‌ത്രം പുരോഗമിക്കുമ്പോള്‍ വിശ്വാസത്തിന്റെ കൊട്ടകൊത്തളങ്ങള്‍ നിലം പൊത്തുമെന്നത്‌ മന്ദബുദ്ധികളുടെ ഒരന്ധവിശ്വാസമാണ്‌. അതിന്റെ ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിയാണ്‌ ബ്രൂണോ.

പോത്തുപെറ്റെന്നു കേട്ടപ്പോള്‍ പണിക്കര്‍ കയറെടുത്തതിന്റെ കാരണമാണ്‌ ഒരു സമസ്യയായി അവശേഷിക്കുന്നത്‌. അദ്ധ്യാത്മികതയുടെ നാലയലത്ത്‌ പണ്ട്‌ അടുപ്പിച്ചുകൂടാത്ത സംഗതിയായിരുന്നു സെക്‌സ്‌. അക്കാലത്ത്‌ കാമശാസ്ര്‌തം വിരചിച്ച വാത്സ്യായന്‌ മഹര്‍ഷിപദം നല്‌കിയ സംസ്‌കാരമാണ്‌ ഹൈന്ദവസംസ്‌കാരം.

ബലികൊടുക്കപ്പെട്ട മൃഗം സ്വര്‍ഗത്തില്‍ പോവുമെങ്കില്‍ നിന്റെ മാതാപിതാക്കളെ വെട്ടി ബലി കൊടുക്ക്‌. അവര്‍ വഴിതെറ്റി നരകത്തിലെത്തിപ്പോകേണ്ട്‌ സ്വര്‍ഗത്തില്‍ തന്നെയാവട്ടെ എന്നു കളിയാക്കിയ ലോകത്തിലെ ആദ്യത്തെ യുക്തിവാദിയായ ചര്‍വ്വാകനും അവിടെ മഹര്‍ഷിപദവിയുണ്ട്‌. അങ്ങിനെ എത്രയോ പേര്‍. യവനനായ അലക്‌സാണ്ടര്‍ തൊട്ടിങ്ങോട്ട്‌ ശീമസായ്‌പ്‌ വരെ ഉഴുതുമറിച്ചിട്ടും ആ ചിന്താധാരയുടെ ഉറവവറ്റാതിരുന്നത്‌ ഇതെല്ലാം കൊണ്ടാണ്‌.

സ്വച്ഛന്ദമൃത്യുവാണ്‌ അത്തരം ആശയങ്ങള്‍. അവയുടെ സംരക്ഷണത്തിന്‌ തത്‌ക്കാലം പണിക്കരുടെയോ കാവികെട്ടിയ കുന്തത്തിന്റെയോ യാതൊരാവശ്യവുമില്ല. അവരുള്ളതാണാപത്ത്‌. ലോകം ഇവറ്റകളെനോക്കി ഹിന്ദുമതത്തെ വിലയിരുത്തിക്കളയും.

ബുദ്ധമതത്തില്‍ ചേരാന്‍പോയ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട്‌ ബുദ്ധസന്ന്യാസി താന്‍ ബുദ്ധനുവേണ്ടി എന്തുചെയ്യും എന്നുചോദിച്ചിരുന്നുപോലും. അപ്പോ ഘനഗംഭീര ശബ്ദത്തില്‍ നീണ്ടു നിവര്‍ന്നു നിന്ന്‌ സീരിയല്‍ നായകനെപ്പോലെ ചുള്ളിക്കാട്‌ പറഞ്ഞു “ഞാന്‍ പ്രതിരോധിക്കും. ബുദ്ധനെതിരെ വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കും”. സന്ന്യാസി പ്രതിവചിച്ചത്‌ നിന്റെ സഹായമില്ലാതെ തന്നെ രണ്ടായിരം കൊല്ലമായി ബുദ്ധന്‍ ജീവിക്കുന്നുണ്ട്‌ എന്നായിരുന്നു.

രണ്ടായിരം വര്‍ഷം പഴക്കമുള്ള ബുദ്ധപ്രതിമ നശിപ്പിക്കാനേ താലിബാനികള്‍ക്കാവുകയുള്ളൂ. ബുദ്ധനെ തകര്‍ക്കാന്‍ പ്രതിമതകര്‍ത്തവന്‍ ഒരായിരം ജന്‍മം ജനിച്ചാലും നടക്കുമെന്ന്‌ തോന്നുന്നില്ല.

സാക്ഷാല്‍ ഇ.എം.എസ്സിനും നായനാര്‍ക്കും മരണം വരെ നിഴലുപോലെ കൂടെ നടന്ന ആര്യാ അന്തര്‍ജനത്തിന്റെയും ശാരദടീച്ചറുടെയും വിശ്വാസം മാറ്റിയെടുക്കാന്‍ പറ്റിയിട്ടില്ല. അപ്പോള്‍ പിന്നെ ബാക്കി മാനവരുടെ കാര്യത്തെ പറ്റി ആരും ബേജാറാവേണ്ടതേയില്ല. കിത്താബിന്റെ അണിയറ പ്രവര്‍ത്തകനായ ബേബിസഖാവിന്റെ ഭാര്യ ബെറ്റിക്ക്‌ സഖാവിലുള്ളതിലും വിശ്വാസം കര്‍ത്താവിലുള്ളതുകൊണ്ടാണല്ലോ പരിശുദ്ധപിതാവിന്റെ കൈ മുത്തിയത്‌.

അഭിപ്രായങ്ങള്‍ (5)

കേരളസര്‍വ്വകലാശാല അഥവാ കേരളസര്‍വ്വകലാപശാല

കല ഒരു കലാപമാണെങ്കില്‍ തീര്‍ച്ചയായും കലാശാലകള്‍ കലാപശാലകളാണ്‌. സര്‍വ്വകലാശാലകള്‍ സര്‍വ്വകലാപശാലകളുമാണ്‌. ആയിരിക്കുകയും വേണം. എല്ലാവരും ബുദ്ധിമാന്‍മാരായി ജനിക്കുന്നു. തല വെളിച്ചം കണ്ടയുടനെയുള്ള ആ നിലവിളി ബുദ്ധിശക്തിക്കുള്ള ആദ്യത്തെ സര്‍ട്ടിഫിക്കറ്റാണ്‌. തമസ്സല്ലോ സുഖപ്രദം എന്നായിരിക്കണം ആ നിര്‍ത്താതെയുള്ള ആദ്യനിലവിളിയുടെ അര്‍ത്ഥം.

അതായത്‌ എല്ലാവരും ബുദ്ധിമാന്‍മാരായി ജനിക്കുന്നു. എന്നാല്‍ വിദ്യാഭ്യാസം ഭൂരിപക്ഷത്തെയും മന്ദബുദ്ധികളാക്കുന്നു. ലോകത്തിലെ പലേ സര്‍വ്വകലാശാലകളും ആ നാടിന്റെ അഭിമാനസ്‌തംഭങ്ങളാണ്‌. എന്നാല്‍ വേറിട്ടൊരു ചാനലുപോലെ വേറിട്ടൊരു സംഭവമാണ്‌ കേരളത്തിലെ സര്‍വ്വകലാശാലകള്‍ എന്നൊരു തെറ്റിദ്ധാരണയുണ്ട്‌. ഇവിടെ മന്ദബുദ്ധികള്‍ക്കുവേണ്ടി മന്ദബുദ്ധികളാല്‍ നടത്തപ്പെടുന്ന മന്ദബുദ്ധികളുടെ മഹാസംരംഭമാണ്‌ സര്‍വ്വകലാശാലകള്‍ എന്നാണ്‌ അക്കൂട്ടരുടെ പ്രചരണം.

ചുരുക്കിപ്പറഞ്ഞാല്‍
സര്‍വ്വകലാശാലയെന്നു കേട്ടാലോ
അപമാനപൂരിതമാകണമന്തരംഗം
സിണ്ടിക്കേറ്റെന്നുകേട്ടാലോ
ഊരിപ്പിടിക്കണം മെതിയടി കരങ്ങളില്‍
വീസിയെന്നു കേട്ടാലോ
മൂടുതാങ്ങിയെന്നു നിനക്കണം

ഇപ്പോള്‍ കടലാസുകളില്‍ കാണുന്നത്‌ കേരള സര്‍വ്വകലാശാലയുടെ അസിസ്‌റ്റന്റ്‌ നിയമന മാമാങ്കത്തെപ്പറ്റിയാണ്‌. അതായത്‌ നല്ലൊരു പരൂഷ നടത്തി. പരൂഷക്ക്‌ പഠിച്ചവരും പഠിക്കണമെന്നു മനസ്സില്‍ നിനച്ചവരും അപേക്ഷ അയച്ചവരും അയക്കണമെന്നു നിനച്ചവരും എല്ലാം റാങ്കുലിസ്റ്റില്‍. ലോകചരിത്രത്തിലെ ആദ്യത്തെ മഹാ പരൂഷയാണ്‌ നടന്നത്‌. മഹാന്‍മാര്‍ പരൂഷനടത്തുമ്പോള്‍ തീര്‍ച്ചയായും പരീക്ഷിക്കപ്പെടുവാന്‍ മന്ദബുദ്ധികല്ല ക്യൂ നില്‍ക്കുക. നിലവിലുള്ള മഹാന്‍മാരും ഭാവിയിലേക്കുള്ള മഹാന്‍മാരുമാണ്‌. ഇവിടെയും അതുതന്നെ സംഭവിച്ചു. തികച്ചും സ്വാഭാവികം. അങ്ങിനെ വാളെടുത്തവനെല്ലാം വെളിച്ചപ്പാടാവുന്നതുപോലെ പേനയെടുത്തോനെല്ലാം ചിത്രഗുപ്‌തന്‍മാരാവാന്‍ പരൂഷയില്‍ യോഗ്യതനേടി. അങ്ങിനെ യാതൊരു പക്ഷഭേദമോ പക്ഷപാതമോ ഇല്ലാത്ത പ്രാകൃത കമ്മ്യൂണിസം പ്രാകൃതര്‍ നടപ്പിലാക്കിയെന്നാണ്‌ പച്ചപ്പരിഷ്‌കാരികളുടെ അഭിപ്രായം.

പരൂഷക്ക്‌ ഹാജരാവുന്ന എല്ലാ ബൈഹാര്‍ട്ട്‌ ബുദ്ധിജീവികള്‍ക്കും ഒന്നാം റാങ്കുതന്നെ കൊടുക്കണമെന്നായിരുന്നു സോഷ്യലിസ്‌റ്റ്‌ സിണ്ടിക്കേറ്റിന്റെ ആഗ്രഹം. സര്‍വ്വകലാശാലയില്‍ ഒരിക്കലെങ്കിലും കാലുകുത്താന്‍ ഇടയായ ഹതഭാഗ്യന്‍ ഒരു മഹാജ്ഞാനായായാണ്‌ തിരിച്ചിറങ്ങുക. അതായത്‌ നമ്മള്‍ ദര്‍ശിച്ച ഇരുകാലിയുടെ സീറ്റില്‍ ഒരു നാല്‌ക്കാലിയിരുന്നാലും ഇപ്പോഴത്തേതുപോലെ തന്നെ കാര്യങ്ങള്‍ ഭംഗിയായി നടക്കുമെന്ന ബോധോദയത്തോടെ.

അപ്പോള്‍ വന്നവരെല്ലാം യോഗ്യന്‍മാരല്ല ബഹുയോഗ്യന്‍മാര്‍തന്നെയാണെന്ന്‌ സാധാരണക്കാര്‍ക്കെന്നല്ല ഏതു വീസിക്കും തിരുപാടുകിട്ടും. എന്നാലോ ഒന്നാം റാങ്ക്‌ രണ്ടായിരം പേര്‍ പങ്കുവെയ്‌ക്കുന്ന സാങ്കേതികവിദ്യ സോവിയറ്റുയൂണിയന്‍ കൂടി കണ്ടുപിടിക്കാത്തതുകൊണ്ട്‌ രക്ഷയില്ലാണ്ടായി. അതുകൊണ്ട്‌ ഒരു ചിത്രഗുപ്‌തനെ കൂപ്പിട്ടു. റജിസ്‌ട്രേഷന്‍ നമ്പര്‍ കൊടുത്തപോലെതന്നെ റാങ്കുനമ്പറുകള്ളൂം അങ്ങുചാര്‍ത്തിക്കൊടുക്കാന്‍ ഉത്തരവിട്ടു. അതായത്‌ സാങ്കല്‌പിക സോഷ്യലിസം.

തുടര്‍ന്ന്‌ തുടര്‍വിദ്യാഭ്യാസം പോലെ അടുത്തഘട്ടം. അഭിമുഖം മാരത്തോണ്‍. ശാസ്‌ത്രം പഠിച്ചോര്‍ക്ക്‌ മുഴുവന്‍ ഐന്‍സ്‌റ്റെയിനെ വെല്ലുന്ന ബുദ്ധി. ഗണിതം പഠിച്ചവരാകട്ടെ സകലവും ചുരുങ്ങിയത്‌ രാമാനുജന്‍മാര്‍. ചരിത്രം പഠിച്ചവര്‍ കുറുപ്പന്‍മാര്‍. സാഹിത്യം പഠിച്ചോര്‍ പെരിയ അഴീക്കോടായില്ലെങ്കില്‍ ചിന്നകുഞ്ഞമ്മദുമാര്‍. ആരെയാണ്‌ സുഹൃത്തേ തള്ളുക ആരെയാണ്‌ കൊള്ളുക. ഇന്റര്‍വ്യൂ നടത്തിയവര്‍ ഒടുക്കം കയറുമായി മച്ചും തേടി നടന്നു എന്നാണ്‌ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും കിട്ടിയ വിവരം. ലേശം ശേഷിക്കുറവുള്ളവര്‍ വിഷം കഴിച്ചു മരിക്കാനും തീരുമാനിച്ചതായും.

ആയൊരു ഘട്ടത്തിലാണ്‌ തലപ്പത്തുള്ള രാജ്യസ്‌നേഹികളുടെ ബുദ്ധിയുടെ റിസര്‍വോയര്‍ നിറഞ്ഞുകവിഞ്ഞത്‌. എല്ലാവരും ഒന്നിനൊന്നു മെച്ചമാവുമ്പോള്‍ തിരഞ്ഞെടുപ്പിന്റെ അടുത്ത വഴി നോക്കുകയാണ്‌ ബുദ്ധി. ഒരു വിപ്ലവാവബോധ പരീക്ഷ. ആച്ഛന്‍ ആനക്കാരനാണെങ്കില്‍ മോന്റെ ആസനത്തിന്‌ തഴമ്പുണ്ടാവണം എന്നത്‌ യോഗ്യത. അച്ഛനോ അമ്മാവനോ ഇതുമല്ലെങ്കില്‍ പായുമ്പോള്‍ തൊട്ടുപോയ വകേല കാരണവരോ വിപ്ലവകാരിയായി ഉണ്ടങ്കില്‍ രക്ഷപ്പെട്ടു.

ആകാശത്തെ നക്ഷത്രങ്ങളെപ്പോലെയാണ്‌ വിപ്ലവകാരികള്‍. എത്രയെത്ര ആളുകള്‍ക്കാണ്‌ അക്കൂട്ടര്‍ വഴികാട്ടുക. ഒരു നാട്ടിലേക്കൊന്നുണ്ടെങ്കില്‍ ആ നാടുതന്നെ പ്രകാശമാനമായി. അപ്പോ കുടുംബത്തിലെ കാര്യം പറയണ്ടതുണ്ടോ? അപ്പോള്‍ വിപ്ലവകുടുംബത്തില്‍ പെട്ടവനാണെങ്കില്‍ തീര്‍ച്ചയായും രണ്ടായിരംകാരന്‍ രണ്ടാമനായി വാഴ്‌ത്തപ്പെടും. താങ്ക്‌സ്‌ റ്റു വിപ്ലവവീര്യം ഈതര്‍ ബൈ മക്കത്തായം ഓര്‍ മരുമക്കത്തായം. ഇത്തരം വസ്‌തുതകളൊന്നും വസ്‌തുനിഷ്‌ഠമായി വിശകലനം ചെയ്യാതെയാണ്‌ മാധ്യമ സിണ്ടിക്കേറ്റുകള്‍ യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റുകള്‍ക്കെതിരായി തിരിയുന്നത്‌. അര്‍ഹിക്കുന്ന അവജ്ഞയോടെ ജനം ഇതു തള്ളിക്കളഞ്ഞിരിക്കുകയാണ്‌. അതു പക്ഷേ പ്രതിഫലിക്കുക അടുത്ത തിരഞ്ഞെടുപ്പില്‍ മാത്രമായിരിക്കും.

അതു ചീറ്റിയപ്പോള്‍ തൊടുത്തു അടുത്ത ആരോപണം. 2000 പേര്‍ പരൂഷയെഴുതിയ ഉത്തരക്കടലാസുകള്‍ കാണുന്നില്ല. വല്യ കാര്യായിപ്പോയി. ഈ മാധ്യമ പോഴന്‍മാരുടെ ആസനത്തില്‍ ……കാലം കഴിഞ്ഞിരിക്കുകയാണ്‌. (സുധാകരസാഹിത്യവുമായി ഈ വരികള്‍ക്ക്‌ ബന്ധം തോന്നുന്നെങ്കില്‍ അത്‌ തികച്ചും യാദൃച്ഛികമാണ്‌)

ചന്ദ്രനില്‍ കാലുകത്തിയപ്പോള്‍ ആംസ്‌ട്രോങ്‌ പറഞ്ഞത്‌ എ സ്‌മോള്‍ സ്‌റ്റെപ്പ്‌ ഫോര്‍ എ മാന്‍, ബട്ട്‌ എ ജയന്റ്‌ ലീപ്പ്‌ ഫോര്‍ മാന്‍കൈന്‍ഡ്‌ എന്നാണ്‌. അത്രയ്‌ക്കൊന്നും വരില്ലല്ലോ രണ്ടായിരം കടലാസുകള്‍. അന്നുപോയ വാഹനം നാസ കത്തിച്ച്‌ ചിതാഭസ്‌മം ഹിമാലയത്തില്‍ വിക്ഷേപിച്ചു എന്നാണ്‌ പിന്നീട്‌ അതേപ്പറ്റി ചോദിച്ചവര്‍ക്ക്‌ കിട്ടിയ മറുപടി. യാതൊരു വ്യത്യാസവും പറയാനില്ലാത്ത രണ്ടായിരം പേപ്പറുകള്‍ വെറുതെ കെട്ടിവച്ച്‌ ഇടയ്‌ക്കിടയ്‌ക്ക്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്തുന്നതിലും ഭേദം അതുതന്നെയാണ്‌. കൂട്ടിയിട്ട്‌ കത്തിച്ച്‌ ആ ചിതാഭസ്‌മം സരസ്വതി നദിയിലങ്ങോട്ടങ്ങ്‌ ഒഴുക്കി.

പിന്നൊന്ന്‌ സര്‍വ്വകലാശാലകളിലെ നിയമനങ്ങളെല്ലാം കുടൂംബക്കാര്‍ക്ക്‌ വീതിച്ചുകൊടുക്കുന്നവെന്നാണ്‌. എന്താണതിലിത്രയ്‌ക്കൊരു തെറ്റ്‌. കലയെപ്പറ്റി ആദ്യം പഠിക്കണം വിഡ്ഡികള്‍.

പാരമ്പര്യമായി കൈമാറപ്പൈടുന്നവയാണ്‌ അനുഷ്‌ഠാന കലകള്‍. കല ഒരു കലാപമാണെങ്കില്‍ കലാബോധവും കലാപബോധവും തലമുറതലമുറയായി കൈമാറപ്പെടും. അപ്പോ കുടുംബക്കാര്‍തന്നെയാണ്‌ സര്‍വ്വഥാ യോഗ്യര്‍. വിപ്ലവവീര്യം നിറഞ്ഞുപതയുന്നവര്‍ അകത്തുനില്‌ക്കുമ്പോള്‍ പുറത്തുള്ളവര്‍ക്ക്‌ കൊടുത്ത്‌ ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരാത്തതാണ്‌ ബുദ്ധി. അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തുമെല്ലാം കേരളത്തിലെ തനതു കലാരൂപങ്ങളായി അരങ്ങുതകര്‍ക്കുമ്പോള്‍ എല്ലാറ്റിനും കൂടി എക്കാലത്തെയും നല്ലൊരു വേദി കൊടുത്ത വീസിക്കും ടീമിനും അഭിവാദ്യങ്ങള്‍. സുഹൃത്തേ വിപ്ലവം ചുകപ്പുനാടയിലൂടെയാണു ഇനികടന്നു വരിക. അല്ലെങ്കില്‍ ലോട്ടറിടിക്കറ്റിലൂടെ.

ഒരു അഭിപ്രായം ഇടൂ

ആള്‍ദൈവങ്ങളും സാംസ്‌കാരികദൈവങ്ങളും

‘ഇടപെടല്‍’ കുഞ്ഞമ്മദ്‌ സഖാവിന്റെ മംഗളത്തിലെ കോളമാകുന്നു. ഇത്തവണ കുഞ്ഞമ്മദ്‌ക്ക ഇടപെട്ട്‌ ചവുട്ടി നടുവൊടിച്ചത്‌ ആള്‍ദൈവങ്ങളുടേതാണ്‌. കാവി, സംഘപരിവാര്‍, ആര്‍.എസ്‌.എസ്‌ കാപാലികര്‍, ഗുജറാത്ത്‌, മോഡി, തുടങ്ങിയ പദാവലികള്‍ കളിയാടേണം തവ നാവിന്‍ തുമ്പില്‍ വാരിധി തന്നില്‍ തിരമാലകളെന്നപോലെ എന്നൊരു പ്രാര്‍ത്ഥനയേ നിത്യനുള്ളൂ. എന്നാലേ സംഗതി പുരോഗമനമാവൂ.


സംഘപരിവാരങ്ങളാണ്‌ കേരളത്തില്‍ ആള്‍ദൈവങ്ങളുടെ സംരക്ഷരെന്നാണ്‌ സാംസ്‌കാരികദൈവത്തിന്റെ വാദം. തങ്ങളെത്തന്നെ സംരക്ഷിക്കാന്‍ പറ്റാത്ത വര്‍ഗമാണ്‌ അവറ്റകള്‍. ദൈവം സഹായിച്ച്‌ നാലുവോട്ട്‌ പണ്ടുമില്ല ഇന്നുമില്ല. ഉള്ളത്‌ കിട്ടിയവിലയ്‌ക്ക്‌ വിറ്റ്‌ കാശാക്കുന്നതുകൊണ്ട്‌ തേക്കടിയിലെ ആനകളുടെ എണ്ണമെടുക്കലാണ്‌ സംഘപരിവാരക്കാരുടെ എണ്ണം പിടിക്കുന്നതിലുമെളുപ്പം. ഇത്രയും കോടികളുടെ കച്ചവടം അവറ്റകളാണ്‌ നടത്തിയിരുന്നെങ്കില്‍ അടി കണ്ണൂരില്‍ ചറപറാ കിട്ടുമ്പോള്‍ നല്ല നാലു കുപ്പി കുഴമ്പെങ്കിലും മേടിക്കാനുള്ള വഹ തീര്‍ച്ചയായും ഉണ്ടാകുമായിരുന്നു.

ഇപ്പോള്‍ കേരളത്തില്‍ 10000 പേര്‍ക്കുതന്നെ ഒരു വൈദ്യനില്ലെങ്കിലും ആള്‍ക്കൊന്നുവീതം ആള്‍ദൈവങ്ങളുണ്ടായത്‌ ചില്ലറക്കാര്യമാണോ? ഓരോരുത്തനെ പിടിക്കുമ്പോഴും പോലീസുകാര്‍ക്ക്‌ വിളിവരുന്നത്‌ കൈലാസത്തില്‍ നിന്നോ വെകുണ്‌ഠത്തില്‍ നിന്നോ അല്ല. അനുയായികള്‍ രണ്ടേരണ്ടു വര്‍ഗത്തില്‍ പെട്ടവരാണ്‌. ഒന്ന്‌ കഴുതകള്‍ രണ്ട്‌ കുറുക്കന്‍മാര്‍. കഴുതകള്‍ കിട്ടിയ പേട്ടടി മഹാഭാഗ്യമായി കരുതി സമാധാനിച്ചുകൊള്ളും. കുറുക്കന്‍മാര്‍ തടഞ്ഞത്‌ പോവാതെ നോക്കും. അതാണിപ്പോ നടന്നുകൊണ്ടിരിക്കുനനത്‌.

ഇവറ്റകള്‍ ഇങ്ങിനെ കൊഴുത്ത്‌ ആലപൊളിക്കുന്ന ഘട്ടമെത്തിയിട്ടും ഇന്റര്‍പോള്‍ വരെ അന്വേഷിക്കുന്ന മഹാന്‍മാരായിട്ടും ഇവിടത്തെ പോലീസുകാരറിഞ്ഞില്ല. അവരറിയാത്തതുകൊണ്ട്‌ ഭരണകൂടവും അറിഞ്ഞില്ല. ആരും പത്രസമ്മേളനം വിളിച്ചിക്കാര്യം പറയാത്തതുകൊണ്ട്‌ മാധ്യമങ്ങളുമറിഞ്ഞില്ല. എന്തൊരു ജാഗ്രത.

`ചെറുകിട ദൈവങ്ങള്‍ വലയില്‍ കുടുങ്ങുമ്പോഴും വന്‍ കുത്തകദൈവങ്ങള്‍ വലയ്‌ക്കു വെളിയിലിരുന്നു ചിരിയ്‌ക്കുകയാണ്‌. ചിരിക്കുന്നവര്‍ ഭയങ്കരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ എന്ന്‌ ബ്രഹ്‌ത്‌` അങ്ങിനെയാണ്‌ മൂപ്പര്‍ ‘ഇടപെടല്‍’ അവസാനിപ്പിക്കുന്നത്‌.

അമൃതാനന്ദമയിയുടെ ആശ്രമവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളുടെ പേരെടുത്തുപറഞ്ഞ കിത്താബ്‌ ഇതിനകം വന്നതാണ്‌. സന്ന്യാസി ശ്രേഷ്‌ഠന്‍മാരുടെ അടികൊണ്ട്‌ മരിച്ചവരില്‍ ഒരാള്‍ ഒരു സൈദ്ധാന്തികാചാര്യന്റെ അനുജനുമാണ്‌. ഇപ്പോ ഭരണമല്ലേ കയ്യിലുള്ളത്‌. ആ വള്ളിക്കാവിലമ്മേന വിലങ്ങുവെച്ച്‌ തെരുവീഥികളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടത്തിക്കുവാനുള്ള സൂപ്പര്‍ ചാന്‍സല്ലേ കിട്ടിയിട്ടുള്ളത്‌. എന്തിനത്‌ കളഞ്ഞുകുളിക്കണം.

പണ്ട്‌ ഒരു ദണ്ഡനമസ്‌കാരം ഗുരുദക്ഷിണയായി സ്വീകരിച്ച്‌ പതഞ്‌ജലി മഹര്‍ഷി പകര്‍ന്നുകൊടുത്ത യോഗയുടെ നിലവിലുള്ള മാര്‍ക്കറ്റിനെപറ്റി വല്ലതുമറിയോ സഖാവിന്‌. വലിച്ച ശ്വാസത്തിന്റെ എണ്ണത്തിന്‌ കാശുവാങ്ങുന്ന ശ്വാസംവലിയാചാര്യനെ വിപ്ലവകാരികളുടെ ആസ്ഥാനത്തേക്ക്‌ കെട്ടിയെഴുന്നള്ളിച്ചതിന്റെ പൊരുള്‍ പെരിയ വിപ്ലവകാരികളോടാണ്‌ ചോദിക്കേണ്ടത്‌.

കുത്തകകള്‍ക്കെതിരെ വിപ്ലവം നടത്താന്‍ പുറപ്പെട്ട ദരിദ്രവാസികള്‍ എത്തിനില്‍ക്കുന്ന ആസ്‌തി വിവരിക്കാന്‍ ആയിരം നാവുള്ള അനന്തന്‍ തന്നെ പ്രത്യക്ഷപ്പെടേണ്ടിവരുന്ന അവസ്ഥയാണ്‌. കച്ചോടം ചെയ്‌തിട്ടാണെന്നെങ്കിലും പറയാനുള്ള വഹ കുത്തകകള്‍ക്കുണ്ട്‌. ആത്മീയതയിലൂടെ പണമുണ്ടാക്കുന്ന സന്ന്യാസി തെമ്മാടിയാണ്‌. ആദര്‍ശം വിറ്റ്‌ പണമുണ്ടാക്കുന്ന ആദര്‍ശവാദികളാവട്ടെ അതിന്റെ പത്തിരട്ടി തെമ്മാടികളാണ്‌. സന്ന്യാസിക്ക്‌ പത്താളെ പറ്റിക്കാം. എന്നാല്‍ ഒരു ജനതയെ പറ്റിച്ചതിനു വിചാരണചെയ്യപ്പെടേണ്ടവര്‍ പുറത്താണ്‌.

ലോകത്തെ ഏറ്റവും മെച്ചപ്പെട്ട മതേതരപ്രതിഭ ഹരദനഹള്ളി ദൊഡ്ഡെ ദേവെഗൗഡര്‍ കര്‍ണാടകത്തില്‍ സംഘപരിവാരത്തെ ഇപ്പരുവത്തിലാക്കിക്കൊടുത്തതിന്റെ കാരണം കൂടി ഒന്നു നോക്കണം. ഗൗഡര്‍ രാവിലെ എങ്ങോട്ടുതിരിഞ്ഞെഴുന്നേല്‍ക്കണം അനന്തരം മൂത്രം തെക്കുവടക്കായോ വടക്കുകിഴക്കായോ ഒഴിക്കേണ്ടത്‌ എന്ന്‌ കണിയാന്‍ പറയണം. ഇപ്പോ പാലം വലിച്ച്‌ മുഖ്യമന്ത്രിയായില്ലെങ്കില്‍ പിന്നെ ആയുസ്സില്‌ നോക്കേണ്ടെന്ന്‌ കണിയാന്‍ മോനോടു പറഞ്ഞു. മോന്‍ നേരെ പോയി സംഘപരിവാര ക്യാമ്പിലേക്ക്‌്‌. ബുദ്ധി ദാരിദ്ര്യരേഖക്ക്‌ എന്നും താഴെയായിരുന്ന അക്കൂട്ടര്‍ കേട്ട പാതി കേള്‍ക്കാത്ത പാതി ചാടിവീണു. യെഡ്യൂരപ്പ പൊക്കി. കുമാരസ്വാമി കയറി. ഗൗഡര്‍ വലതുകൈ കുമാരുവിന്റെ മൂര്‍ദ്ദാവില്‍ വെച്ചനുഗ്രഹിക്കുമ്പോള്‍ ഇടതുകൈകൊണ്ട്‌ നെഞ്ചത്തടിച്ച്‌ ഇടതുപക്ഷത്തിനെ തൃപ്‌തിപ്പെടുത്തി. പിന്നീട്‌ സ്വന്തം കണിയാന്‍ ഗൗഡരെ ഉപദേശിച്ചു. പാലം വലിക്കാന്‍ മതേതരശക്തികളോടൊപ്പം ചേര്‍ന്ന്‌ ഉഗ്രപ്രതാപിയായി കുമാരുവിന്‌ വീണ്ടും മുഖ്യനാവാന്‍. വലിച്ചു പാലം കുമാരു. പതിച്ചു യെഡ്യൂരപ്പ ധരണിയില്‍. പൊട്ടിച്ചു വോട്ടര്‍മാര്‍ കവിളത്ത്‌.

അങ്ങിനെ മൊത്തത്തില്‍ നോക്കിയാല്‍ ഇന്ത്യന്‍ ജനാധിപത്യമെന്ന സംഗതി തന്നെ കറങ്ങുന്നത്‌ പണ്ട്‌ ധീരേന്ദ്ര ബ്രഹ്മചാരി മുതലിങ്ങോട്ട്‌ സായിബാബയും അമൃതാനന്ദമയിയും വരെയുള്ള കോടിപതികള്‍ക്കു ചുറ്റുമാണ്‌. പിന്നെ കുറെ കണിയാന്‍ മാര്‍ക്കു ചുറ്റും. ജനാധിപത്യത്തിന്റ നെടുംതൂണുകളായ ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്‌. ജുഡീഷ്യറി, മീഡിയ എല്ലാറ്റിന്റെയും തലപ്പത്തുള്ള കുറെയാളുകളുടെ ഇരിപ്പ്‌ ഇവറ്റകളുടെ പാദാന്തികങ്ങളിലാവുമ്പോള്‍ ബാബയുടെ ആശ്രമത്തിലെ കൊലപാതകം ആരാണന്വേഷിക്കുക? ഇന്ത്യന്‍ ജനാധിപത്യത്തില്‍ സംഘപരിവാരം എന്തെങ്കിലും ചില്ലറ പങ്കുവഹിച്ചതായി ശ്‌ത്രുക്കള്‍ കൂടി പറയുകയില്ല.

കേരളത്തില്‍ നോക്കുക. തിരഞ്ഞെടുപ്പടുത്താല്‍ തലയില്‍ മുണ്ടിട്ട വിപ്ലവകാരികള്‍ പണ്ടൊരു പള്ളി പൊളിച്ച കഥപറയുന്ന പൊറാട്ടുനാടകവുമായി തലേക്കെട്ടുകാരുടെയും താടിക്കാരുടെയും ആസ്ഥാനവുമന്വേഷിച്ച്‌ പുറപ്പെടും. അവിടുന്നിറങ്ങി അരമനകള്‍ തോറും താണ്ടി അച്ചന്‍മാരുടെ കാലുപിടിച്ച്‌ തിരിച്ചിറങ്ങും. നേരെ പോയി സ്വയം കൊട്ടാതെ കാലാകാലമായി മറ്റുള്ളവരെക്കൊണ്ട്‌ മാത്രം കൊട്ടിക്കുന്ന പണിക്കരുടെ നായര്‍മടയിലേക്ക്‌. അവിടെ പെരുന്നയിലെ മുറ്റത്ത്‌ നിന്ന്‌ നന്നായി നട്ടെല്ലുവളച്ച്‌ കൊട്ടിക്കയറുമ്പോള്‍ പണിക്കരു പറയും മിടുമിടുക്കന്‍. പോയി ജയിച്ചു വാ! രക്ഷപ്പെട്ടു. വിട്ടു നേരെ നടേശ ഗുരു സവിധത്തിലേക്ക്‌. നാരായണഗുരു ഇപ്പോഴുണ്ടെങ്കില്‍ മൂപ്പര്‍ക്ക്‌ ശിഷ്യപ്പെടുമായിരുന്നു എന്നോ മറ്റോ ഒന്നു കാച്ചിയാല്‍ ഉറച്ചു. അല്ലെങ്കില്‍ മൂപ്പരുടെ അപാര ബുദ്ധിയെ ഒന്നു പ്രകീര്‍ത്തിച്ചാല്‍ രക്ഷപ്പെട്ടു. പോക്കിങ്ങനെയാവുമ്പോള്‍ ഭാവിയുണ്ട്‌. വിപ്ലവത്തിന്റെ ഭാവിയെക്കുറിച്ച്‌ ഇനി ചിന്തിക്കേണ്ടെന്ന്‌ തീര്‍പ്പായ സ്ഥിതിക്ക്‌ വിപ്ലവകാരികളുടെ ഭാവിയെപ്പറ്രി ഇനി ആശങ്ക വേണ്ടതില്ല. വെച്ചടി വെച്ചടി കേറ്റം.

കേരളത്തില്‍ മഹാന്‍മാരുടെ എണ്ണം കോഴിക്കോട്ടെ കൊതികിനെപ്പോലെ പെരുകിക്കൊണ്ടേയിരിക്കുകയാണ്‌. എന്നാല്‍ പരിസ്ഥിതിയുടെ സന്തുലനം നിലനിര്‍ത്താനാവശ്യമായത്രയും മന്ദബുദ്ധികളുടെ എണ്ണം ആനുപാതികമായി കൂടുന്നുമില്ല.

മഹാന്‍മാരുടെ അന്തരംഗം ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പുപോലെയായിരിക്കണം. മാളത്തില്‍ നിന്ന്‌ വെളിയിലേക്ക്‌ തലയിടുന്ന പാമ്പുകളായി ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ആ ഓര്‍മ്മകള്‍ ഫണം വിരിച്ചാടുമ്പോഴാണല്ലോ മഹദ്വചനങ്ങളുടെ നാഗനൃത്തം നടക്കുക.

കുഞ്ഞമ്മദ്‌ക്കായുടെ പ്രത്യയശാസ്‌ത്രാവബോധം പണ്ടേ പേരുകേട്ടതാണ്‌. അടുത്തകാലത്തൊരു കണ്ടുപിടുത്തം നടത്തി. അച്ചുതാനന്ദന്‍ ആള്‍ദൈവമാണ്‌. സഖാവിന്റെ ഭാവഹാവാദികള്‍ കണ്ടപ്പോള്‍ താമസിയാതെ പ്രത്യയശാസ്‌ത്രപാണ്ഡിത്യത്തിന്‌ വെള്ള പുതപ്പിച്ചുപോവുമെന്നൊരുതോന്നലാണുണ്ടായത്‌. അതുകൊണ്ട്‌ സധൈര്യം പത്തടി പിന്നോട്ടുമാറി. അതിനും വിശദീകരണമുണ്ട്‌. പണ്ട്‌ ഗലീലിയോ സ്വന്തം തല രക്ഷിക്കാന്‍ വേണ്ടി ഭൂമി പരന്നതാണെന്നു പറഞ്ഞില്ലേ? ആ കളവ്‌ അന്നുപറഞ്ഞതുകൊണ്ടാണല്ലോ പിന്നീടത്‌ തെളിയിക്കാന്‍ ഗലീലിയോ ബാക്കിയായത്‌. മഹാന്‍മാര്‍ അങ്ങിനെയാണ്‌. ഭാവിയിലായിരിക്കും കണ്ണ്‌.

പിന്നീട്‌ ‘എടോ ഗോപാലകൃഷ്‌ണാ’ വിളിയുടെ വാങ്‌മൊഴി സൗന്ദര്യത്തിലായി പഠനം. മാതൃഭൂമിക്കാര്‍ ഇങ്ങോട്ടു വന്ന്‌ വെള്ളപുതപ്പിക്കുമെന്നൊരു ഭയം അസ്ഥാനത്തായതുകൊണ്ട്‌ പഠനം തുടരുന്നുണ്ടാകണം. ലോകത്തിലൊരു പദമോ പദാവലിയോ അശ്ലീലമല്ല. ഉദാഹരണത്തിന്‌ നായും നായിന്റെ മോനും. എന്തൊരു മധുരമനോജ്ഞപദം. ആലയിലുള്ള പശുവിനെ നായേ എന്നു സംബോധനചെയ്യുമ്പോള്‍ മാത്രമാണല്ലോ അത്‌ അശ്ലീലമാവുക.

അദ്ധ്യാപകന്‍ എന്ന സങ്കല്‌പം കാലപ്രവാഹത്തില്‍ ഫെസിലിറ്റേറ്ററായി രൂപാന്തരം പ്രാപിച്ചെന്ന കാര്യത്തില്‍ ഒരു പ്രൊഫെസര്‍ക്കും സംശയത്തിന്‌ വഴിയില്ല. അതായത്‌ ഒരു സുഹൃത്തും വഴികാട്ടിയുമായി അദ്ധ്യാപകന്‍ ഉയര്‍ന്നു അഥവാ താഴ്‌ന്നു. അപ്പോള്‍ ക്ലാസിലെ പിള്ളേര്‍ നാളെ , ‘എടോ കുഞ്ഞമ്മദ്‌ക്കാ ജ്ജ്‌ന്താപ്പാ ഇങ്ങ്‌നെ പോയത്തരം പറേണ ഹമുക്കെ’ ന്ന്‌ ചോദിക്കുമ്പോഴേക്കും പ്രൊഫസര്‍ വാങ്‌മയ സൗന്ദര്യത്തെപ്പറ്റി പണ്ട്‌ പറഞ്ഞ ആ ഗ്രന്ഥരചനയും മുഴുമിപ്പിച്ചുകളയരുത്‌.

ഇനി, എം.പി. നാരായണപ്പിള്ളാസ്‌ തീയ്യറി വച്ച്‌ സാഹിത്യകാരന്‍ ഒരാവശ്യം വന്നാല്‍ ആരെയും കടിക്കുന്ന തെരുവുനായായിരിക്കണം. കൂട്ടിലിട്ട വാലാട്ടുന്ന അല്‍സേഷ്യനായിരിക്കുകയുമരുത്‌. ഇതേ തീയ്യറിവെച്ചും പ്രയോഗത്തിന്റെ വാങ്‌മയവിസ്‌മയഭംഗി വച്ചും ജനം സാഹിത്യകാരന്‍മാരെ അങ്ങിനെതന്നെ സംബോധനചെയ്യുന്ന കാലം അടുത്തുതന്നെ സമാഗതമാവുമെന്നുതോന്നുന്നു.

സ്‌ത്രീ എപ്പോള്‍ കാമപൂരണത്തിനുമാത്രം ഉപയോഗിക്കുന്നുവോ അപ്പോള്‍ ആ ഗൃഹം വേശ്യാലയമാകുന്നു എന്ന്‌ വിക്ടര്‍ യൂഗോ. ബുദ്ധിയും അറിവും എപ്പോള്‍ തലതിരിഞ്ഞ വാദങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്നുവോ അപ്പോള്‍ ബുദ്ധിജീവികള്‍ ചന്ദനം ചുമക്കുന്ന കഴുതകളായി മാറുന്നു എന്നാരും പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാം. മണ്ടത്തരം പറയുവാനുള്ള ജനാധിപത്യപരമായ അവകാശം എല്ലാ മഹാന്‍മാര്‍ക്കും ഭരണഘടന ഉറപ്പുവരുത്തിയിട്ടുണ്ട്‌. എന്നാല്‍ അത്‌ മറ്റുള്ളവര്‍ വിശ്വസിക്കണമെന്നു പറയുവാനുള്ള അവകാശം മണ്ടന്‍മാര്‍ക്ക്‌ റിസര്‍വ്വ്‌ ചെയ്‌തിട്ടുമുണ്ട്‌. തല്‌ക്കാലം ഇത്രമാത്രം.

ഒരു അഭിപ്രായം ഇടൂ

നാടകം : മതേതര ഗൗഡയും നാല്‌പത്തിയൊന്ന്‌ അനുയായികളും

2006 ജനുവരിയില്‍ കര്‍ണാടകയില്‍ ദളം പൊട്ടിച്ച്‌ കൂമാരു ബി.ജെ.പിയോടൊപ്പം കൂടി അരങ്ങേറിയ ഗൗഡ നാടകത്തെപ്പറ്റി അന്നെഴുതി പ്രസിദ്ധീകരിച്ച സംഗതി ഇപ്പോള്‍ ബ്ലോഗിലിടുന്നു. വെറുതെ ഒരു തിരിഞ്ഞുനോട്ടത്തിനായി മാത്രം

നാടകം : മതേതര ഗൗഡയും നാല്‌പത്തിയൊന്ന്‌ അനുയായികളും

മതേതരത്വത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തെക്കെ ഇന്ത്യയിലെ ഒരു കലാകാരന്‍ എന്ന നിലയില്‍ തന്നെയായിരിക്കും ഭാവിയില്‍ ഹരദനഹള്ളി ദൊഡ്ഡെ ദേവെഗൗഡര്‍ അറിയപ്പെടുക. അതിനെന്താണ്‌ തെളിവ്‌ എന്നാരെങ്കിലും ചോദിച്ചാല്‍ – ആരും ചോദിക്കാന്‍ വഴിയില്ല – എന്നാലും ഏതെങ്കിലും സംശയാലുക്കള്‍ ചോദിച്ചാല്‍ തന്നെ എന്തിന്‌ നിരവധി ഉദാഹരണങ്ങള്‍ -ആ ഒരൊറ്റ
മാതൃവിലാപം തന്നെ ധാരാളം.

(മകനേ കുമാരൂ തിരിച്ചുവരൂ. മതേതരത്വത്തിന്റെ തലക്കിട്ട്‌ നീ അടിച്ച അടിയുടെ ആഘാതത്തില്‍ ബോധം പോയി അച്ഛന്‍ മൃതപ്രായനായി ഇരിക്കുകയാണ്‌. ഊണും വേണ്ട ഉറക്കവും വേണ്ട. നിന്റെയച്ഛന്‍ എന്നു പറഞ്ഞാല്‍ ചില്ലറപ്പെട്ട മതേതരനൊന്നുമല്ല. അപൂര്‍വ്വ ജനുസ്സില്‍ പെട്ട സാധനമാണ്‌. മൂജ്ജന്‍മ സുകൃതത്തിലും പാപത്തിലും എല്ലാം വിശ്വസിക്കുന്നവനും, ദൈവത്തിലുമുപരിയായി കാര്യസ്ഥനായ കണിയാനില്‍ പരമമായ വിശ്വാസം വച്ചുപുലര്‍ത്തുന്നയാളും മക്കളുടെ ഭാവിയില്‍ മറ്റാരെക്കാളും താത്‌പര്യമുള്ള മഹാത്മാവുമാണ്‌. മഹാത്മാവെന്ന്‌ പറഞ്ഞത്‌ തെറ്റിദ്ധരിച്ച്‌ നീ കത്തിയുമായി വരരുത്‌. നിന്റെയമ്മ ഉദ്ദേശിക്കുന്നത്‌ മഹാത്മാഗാന്ധിയെയല്ല. നിന്റെയച്ഛനും എന്റെ അഭിവന്ദ്യ ഭര്‍ത്താവുമായ ഹരദനഹള്ളി ദൊഡ്‌ഢെ ദേവെഗൗഡരെ തന്നെയാണ്‌. കര്‍ഷകരുടെ കണ്ണിലുണ്ണി. ജന്‍മിഃബൂര്‍ഷ്വാസികളുടെ കണ്ണിലെ കരട്‌.

ഇന്നല്ലെങ്കില്‍ നിനക്ക്‌ പിന്നീടൊരിക്കലും കന്നഡിഗരുടെ മുഖ്യമന്ത്രിയാവാന്‍ പറ്റുകയില്ലെന്ന്‌ ഒരു കണിയാന്‍ പറഞ്ഞതാണല്ലോ എല്ലാറ്റിന്റെയും തുടക്കം. മകനേ നിന്റെയപ്പന്‍ ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയാവുമെന്ന്‌ കണിയാന്‍ പോയിട്ട്‌ സാക്ഷാല്‍ ദൈവം കരുതിക്കാണുമോ? കുമാരാ നീ മുഖ്യമന്ത്രിയായി കാണുവാന്‍ മറ്റാരെക്കാളും ആഗ്രഹിക്കുന്ന മഹാത്മാവായ നിന്റെ അഭിവന്ദ്യപിതാവിനോട്‌ ഇതാണ്‌ പറ്റിയ സമയം പാലം വലിക്കുവാന്‍ എന്നൊരു കണിയാനും പറയാതിരുന്നത്‌ അദ്ദേഹത്തിന്റെ കുറ്റമാണോ? അതുകൊണ്ട്‌ അദ്ദേഹത്തെ ഒരിക്കലും തെറ്റിദ്ധരിക്കാതെ അനുസരണയുള്ള കുട്ടിയായ്‌ തിരിച്ചുവരൂ. മകനേ ഇതാണിന്ത്യയുടെ ഭൂപടം, മകനേ ഇതാണിന്ത്യയുടെ നേര്‍പടം.

പ്രിയപ്പെട്ട മകനേ, ദുരന്തപര്യവസായിയായി കലാശിച്ചു എന്നു മതേതരപ്രതിഭകളും ശുഭപര്യവസായിയായി എന്ന്‌ സംഘപരിവാരങ്ങളും കരുതുന്ന ഈ നാടകത്തിന്‌ ഒരേയൊരുകാരണമേയുള്ളൂ. അത്‌ നിങ്ങള്‍ രണ്ടുപേരും കൂടി രണ്ട്‌ കണിയാന്‍മാരെ കണ്ടതാണ്‌. നിനക്ക്‌ ഈ ബുദ്ധിയുപദേശിച്ചുതന്ന ആ മഹാനായ കണിയാനെ വിട്ട്‌ ഇനിമേലില്‍ പിതാവ്‌ മറ്റൊരു കണിയാനെ തേടിപ്പോവുകയില്ല. ആയൊരു ഉറപ്പ്‌ അദ്ദേഹം നല്‍കിയ സ്ഥിതിക്ക്‌ മകനേ നീ താമസിയാതെ പരിശുദ്ധ പിതാവിങ്കലേക്ക്‌ യാത്രയാവുക. അങ്ങിനെ മതേതരത്വത്തിന്റ ഭാവിക്ക്‌ അനിവാര്യമായ ഒരു കോമണ്‍ മിനിമം കണിയാന്‍ എന്ന സങ്കല്‌പം യാഥാര്‍ത്ഥ്യമാക്കുക. മകനേ ഇതാണിന്ത്യയുടെ മാര്‍വ്വിടം. ഉചിതമായത്‌ ചെയ്‌തുകൊള്ളുക.)

റിക്ടര്‍ സ്‌കെയിലില്‍ ഒരു മുഖ്യമന്ത്രിസ്ഥാനം രേഖപ്പെടുത്തിയ അതിശക്തമായ ഒരു മതേതരക്കിലുക്കത്തിന്റെ ആഘാതത്തില്‍ അച്ഛന്‍ ഉറക്കംതൂങ്ങി ബോധം കെട്ട്‌ കിടക്കയില്‍ മകന്‍ മുഖ്യമന്ത്രിക്കസേരയില്‍. സഹമതേതരത്വ പ്രമുഖന്‍മാര്‍ കൊടൈക്കനാലില്‍. കേരളത്തിലെ കാര്യസ്ഥന്‍ കനോളി കനാലില്‍. നാടകം പകുതിയില്‍ തുടങ്ങി ഭൂതത്തിലേക്ക്‌ സഞ്ചരിച്ച്‌ ഭാവിയിലേക്കു കുതിക്കുന്ന രീതിയിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

ലോകനാടകപ്രസ്ഥാനത്തിന്‌ അതുല്യമായ സംഭാവന നല്‍കിയ നാടകകൃത്താണ്‌ ഷേക്‌സ്‌പിയര്‍. കോമഡിയും ട്രാജഡിയും ഒരേ നാടകത്തില്‍ സംയോജിപ്പിച്ച്‌ അതുവരെ ആരും നടത്താത്ത ഒരു പരീക്ഷണത്തിന്‌ മുതിര്‍ന്നത്‌ മൂപ്പരാണ്‌. അതിന്റെ പേരില്‍ മൂപ്പരെ പഴിച്ചത്‌ ഡോ.ജോണ്‍സണെപ്പോലുള്ള വിമര്‍ശകരുമായിരുന്നു. ഏതാണ്ട്‌ അതിനോടു സാമ്യമുള്ള ഒരു നാടകം അബ്‌സേര്‍ഡ്‌ തിയേറ്ററിലാണെങ്കില്‍ കൂടി ഇപ്പോള്‍ അരങ്ങേറിയിട്ടുള്ളത്‌ കന്നടദേശത്താണ്‌. നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയെ ഓര്‍മ്മിപ്പിക്കും വിധം ഗൗഡര്‍ പുത്രകളത്രാദികള്‍ക്കൊപ്പം അരങ്ങുതകര്‍ത്തു. പുറത്തുനിന്നെന്ന്‌ പറയുവാന്‍ കുടിയാന്‍മാരായ കുറെ കോമാളികളും. ഷേക്‌സ്‌പീരിയന്‍ ടെക്‌നിക്‌ ഉപയോഗിച്ചതുകാരണം കണിയാന്‍ രംഗത്തില്ല. കഥ നിയന്ത്രിക്കുന്നതാകട്ടെ അദൃശ്യനായ കണിയാന്റെ അതിശക്തമായ ഇടപെടലുകളും.

എറ്റവും കൂടുതല്‍ സീറ്റിലേക്ക്‌ ജനം തിരഞ്ഞെടുത്ത വിജയനെ മൂലക്കിരുത്തി ചില്ലറ കിട്ടിയ പരാജിതനെ അധികാരത്തിലേറ്റിയ മഹത്തായ ജനാധിപത്യത്തിന്റെ ഒന്നാംഘട്ടം ആക്ട്‌ വണ്‍ മതേതരവിജയം. ഹണീമൂണ്‍ ആഘോഷങ്ങള്‍ ഗംഭീരമായി നടന്നു. ഒരൊറ്റ അജണ്ടയായിരുന്നു യോജിപ്പിനുകാരണം. മതേതരത്വം നീണാള്‍ വാഴണം. സംഗതി ഇതുവരെയും നീണാള്‍ വാണു. ഇനിയും വാണാല്‍ കുമാരു വാഴുകയില്ല എന്നൊരു അശരീരിയോടെ ആദ്യഭാഗത്തിന്‌ തിരശ്ശീല വീഴുന്നു.

ജനം സസ്‌പെന്‍സിന്റെ മുള്‍മുനയില്‍. അടുത്ത രംഗം തുടങ്ങുകയായി. അദൃശ്യനായ കണിയാന്‍ കാട്ടിക്കൊടുത്ത പാതയിലുടെ കുമാരു മുന്നോട്ട്‌. മതേതരത്വത്തിനെ പുതപ്പിച്ചുകിടത്തുവാന്‍ നല്ലൊരു പട്ട്‌ അച്ഛനെയും അനുജനെയും ഏല്‌പിച്ചുകൊണ്ട്‌ രാജ്യഭാരം ചുമക്കുവാനുള്ള യാത്ര. സംഘപരിവാരത്തിന്റെ പാദുകം തലയില്‍ ഇരുമുടിക്കെട്ടായി വച്ചുകൊണ്ട്‌ നാല്‍പത്തൊന്നു അനുയായികളുമായുള്ള പ്രയാണം. മകനേ തിരിച്ചുവരൂ എന്ന മാതൃവിലാപത്തിന്‌ മുന്നില്‍പോലും പതറാതെ ശങ്കരാചാര്യരുടെ ദൃഢചിത്തതയോടെ കുമാരസ്വാമി മുന്നോട്ട്‌.

നാടകം ശൂഭപര്യവസായിയായി കലാശിക്കുന്നത്‌ ഗൗഡയുടെ സുപ്രസിദ്ധ ഡയലോഗോടുകൂടിയാണ്‌ ഇതെന്റെ കര്‍മഫലം അതായത്‌ പണ്ടേ ഇതു ഞാന്‍ ചെയ്‌ത്‌ മുഖ്യനാവേണ്ടതായിരുന്നു. അല്ലെങ്കില്‍ പിള്ളേര്‍ തമ്മില്‍കുത്തി മരിക്കുകയില്ലെന്ന ഉറപ്പുണ്ടെങ്കില്‍ കുമാരുവിനെ വാഴിക്കേണ്ടതായിരുന്നു. ഇത്രകാലം പാഴായിപ്പോവുകയില്ലായിരുന്നു. മതേതരത്വത്തിനുവേണ്ടി ചെയ്‌ത ഉപകാരം ഫലത്തില്‍ കര്‍ഷകര്‍ക്ക്‌ ചെയ്‌ത ഉപദ്രവമായി. ഇതുതന്നെയാണ്‌ ശരിയായ പ്രായശ്ചിത്തം.

വിദൂഷകന്റെ അവസാനത്തെ ഇടപെടലോടുകൂടിയാണ്‌ നാടകം സമാപിക്കുന്നത്‌. കണിയാന്‍ സഹായിച്ച്‌ കുമാരുവിന്‌ ഒരൊറ്റ അജണ്ട മാത്രം അത്‌ മിനിമം മുഖ്യമന്ത്രിപദം. ഏറ്റവും മുന്തിയ പരിഗണന മതേതരത്വത്തിനാണെങ്കില്‍, പണ്ട്‌ ഗൗഡരെ പ്രധാനമന്ത്രിയാക്കിയപോലെ കുമാരുവിനെ മുഖ്യനാക്കി കോണ്‍ഗ്രസുകാര്‍ക്ക്‌ പിന്തുണച്ചാല്‍ പോരേ എന്ന വിദൂഷകന്റെ ഉത്തരമില്ലാ ചോദ്യത്തോടെ നാടകം സമാപിക്കുന്നു.

ഇനിയെഴുതാന്‍ ബാക്കിയുള്ളത്‌. നാടാറുമാസം കാടാറുമാസം സിദ്ധാന്തപ്രകാരമാണ്‌ ഇനിയങ്ങോട്ടുള്ള പ്രയാണം. സംഘപരിവാരം അങ്ങേയറ്റത്തെ പിന്തിരിപ്പന്‍മാരും സവര്‍ണ ഫാസിസ്റ്റുകളുമായിത്തീരുവാന്‍ ഈ രണ്ടുകൊല്ലം തന്നെ ധാരാളം. നടപ്പുസമ്പ്രദായമനുസരിച്ച്‌ ഇതിന്‌ ഇരുപത്തിനാലുമണിക്കൂര്‍ തന്നെ ആവശ്യമില്ല. അപ്പോള്‍ നാം ഒരു കോമണ്‍മിനിമം അടിയടിച്ച്‌ പിരിയുക. അതോടെ യെഡിയൂരപ്പയുടെ ഭാവി ശോഭനമാവും. അടുത്ത രണ്ടുവര്‍ഷവും കുമാരുതന്നെ വാഴും. കോണ്‍ഗ്രസിന്റെ പിന്തുണയോടെ. മതേതരത്വം ശക്തിപ്പെടുത്തുകയെന്നത്‌ അജണ്ട. കുതിരക്കച്ചവടം എന്നറിയപ്പെടുന്ന സംഗതി അതായിരിക്കുകയില്ല.

ഒരു അഭിപ്രായം ഇടൂ

Hello world!

Welcome to WordPress.com. This is your first post. Edit or delete it and start blogging!

അഭിപ്രായങ്ങള്‍ (1)

Follow

Get every new post delivered to your Inbox.